This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിറ്റേഷസ് കല്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിറ്റേഷസ് കല്പം

Cretaceous period

ജിയോളജീയ സമയത്തിലെ ഒരു പ്രത്യേക കാലഘട്ടം. ഭൗമചരിത്രത്തില്‍ ഉദ്ദേശം 129 ദശലക്ഷം വര്‍ഷം മുമ്പു മുതല്‍ 64 ദശലക്ഷം വര്‍ഷം മുമ്പു വരെയുള്ള സമയമാണ് ഇത്. ഏകദേശം 65 ദശലക്ഷം വര്‍ഷങ്ങളോളം ഈ കല്പം ദീര്‍ഘിപ്പിച്ചിരുന്നു. ഭൗമോപരിതലം മഹാപ്രളയ ബാധിതമായിരുന്ന കാലഘട്ടമായിരുന്നു ഇത്. ഉത്തരാര്‍ധ ഗോളത്തിന്റെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും വിസ്തൃതമായ ചുണ്ണാമ്പു നിക്ഷേപങ്ങള്‍ ഉണ്ടായതും ഈ കല്പത്തിലാണ്. 'ചുണ്ണാമ്പ്' എന്നര്‍ഥം വരുന്ന ക്രിറ്റാ എന്ന ലാറ്റിന്‍പദത്തില്‍ നിന്നാണ് ക്രിറ്റേഷസിന്റെ നിഷ്പത്തി. ഡോമാലിയസ് ഡി'ഹാലോയ് എന്ന പ്രകൃതിശാസ്ത്രജ്ഞനായിരുന്നു ഈ പേരിന്റെ ഉപജ്ഞാതാവ് (1822).

പാലിയോസിക്കിനും (palaeozoic) സീനസോയിക്കിനും (caenozoic) ഇടയ്ക്കുള്ള കാലഘട്ടമാണ് മീസസോയിക് (caenozoic). ഈ മഹാകല്പത്തെ ട്രയാസിക് (triassic), ജൂറാസിക് (jurassic), ക്രിറ്റേഷസ് എന്ന് 3 കല്പങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതില്‍ ഏറ്റവും അവസാനത്തെ കല്പമാണ് ക്രിറ്റേഷസ്. ഈ കാലഘട്ടത്തില്‍ ഉണ്ടായ ശിലകളെയും അവസാദങ്ങളെയും ക്രിറ്റേഷസ് സിസ്റ്റം എന്നു വിശേഷിപ്പിക്കുന്നു. വ്യാപകമായ സമുദ്രാതിക്രമണത്തിന്റെ കാലഘട്ടമായിരുന്നു ക്രിറ്റേഷസ്. തത്ഫലമായി ഭൂഖണ്ഡങ്ങളുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ക്രിറ്റേഷസിലെ കടലോരനിക്ഷേപങ്ങള്‍ കാണുന്നു. ക്രിറ്റേഷസ്, പര്‍വതരൂപവത്കരണത്തിന്റെയും അഗ്നിപര്‍വതസ്ഫോടനങ്ങളുടെയും ലാവാപ്രവാഹങ്ങളുടെയും മറ്റ് ആഗ്നേയപ്രവര്‍ത്തനങ്ങളുടെയും കൂടി കാലഘട്ടമായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ബാധിച്ചത് 'സെര്‍ക്കം പസിഫിക്' പ്രദേശത്തെയും ആല്‍പൈന്‍ പ്രദേശത്തെയുമായിരുന്നു.

വന്‍കര-വിസ്ഥാപനത്വം (continental drift) അനുസരിച്ച് അന്ത്യപാലിയോസോയിക് കല്പം മുതല്‍ ക്രിറ്റേഷസ് കല്പത്തിന്റെ ആരംഭം വരെ ഗോണ്ട്വാനലാന്‍ഡ് എന്ന ആദിമഭൂഖണ്ഡം ഒരു കരപ്രദേശമായി തുടര്‍ന്നു. ക്രിറ്റേഷസ് കല്പത്തിന്റെ ആരംഭത്തോടെ ഈ പ്രദേശം ഭിന്നിച്ച് ഓരോ ഭാഗവും വിഭിന്ന ദിശകളിലേക്കു നീങ്ങി. ഇന്നത്തെ വന്‍കരപ്രദേശങ്ങളായ ആസ്റ്റ്രേലിയ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക, അറേബ്യ, 'പെനിന്‍സുലാര്‍' (ഉപദ്വീപ്), ഇന്ത്യ എന്നിവയായി പരിണമിച്ചത് ഇവയാണ്.

ക്രിറ്റേഷസിനെ ഉപരി (upper) ക്രിറ്റേഷസ് എന്നും അധോ (lower) ക്രിറ്റേഷസ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയെ ആറു ഘട്ടങ്ങളായി (stages) വീണ്ടും ഭാഗിച്ചിരിക്കുന്നു. ഓരോ ഘട്ടത്തിനും അതിന്റേതായ പ്രത്യേക ശിലാസമൂഹങ്ങളും ഫോസിലുകളും ഉണ്ട്. ഉപരിക്രിറ്റേഷസിന്റെ ഏറ്റവും മുകളിലത്തേതായി 'ഡേനിയന്‍' എന്ന ഘട്ടത്തെ പലരും കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മിക്ക ശാസ്ത്രജ്ഞരും ഡേനിയനെ സീനസോയിക് മഹാകല്പത്തിന്റെ ഏറ്റവും താഴത്തെ ഘട്ടമായിട്ടാണ് കരുതുന്നത്.

ക്രിറ്റേഷസ് കാലഘട്ടത്തിന്റെ തുടക്കം അധോക്രിറ്റേഷന്‍സിന്റെ തുടക്കമായ നിയോക്രോമിയന്‍ യുഗത്തില്‍ ആര്‍ട്ടിക് പ്രദേശങ്ങളിലും പശ്ചിമസൈബീരിയയിലും അലാസ്കയിലും വ്യാപകമായ സമുദ്രാതിക്രമണം നടന്നു. ഈ കാലത്തിലുണ്ടായ സമുദ്രസംസ്തരങ്ങള്‍ ദക്ഷിണ അമേരിക്കയിലെ ആന്‍ഡിയന്‍ പ്രദേശത്തും ദക്ഷിണാഫ്രിക്കയിലെ ചിലയിടങ്ങളിലും പശ്ചിമേന്ത്യയിലും ടെത്തിസ് പ്രദേശത്തും (യൂറോപ്പു മുതല്‍ തെക്കന്‍ ഏഷ്യവരെ നീളത്തില്‍ വ്യാപിച്ച് കിടന്നിരുന്ന ഭാഗം) ഫ്രാന്‍സിലും അതിനടുത്ത പ്രദേശങ്ങളിലും കാണാവുന്നതാണ്. തെക്കന്‍ ഇംഗ്ലണ്ടിലും അതിനടുത്തുള്ള മറ്റ് യൂറോപ്യന്‍ പ്രദേശങ്ങളിലും ഇതേ കാലഘട്ടത്തില്‍ രൂപമെടുത്ത തടാക-ഡെല്‍റ്റീയ സ്തരങ്ങള്‍ കാണപ്പെടുന്നുണ്ട്. ദിനോസോറുകളുടെയും മറ്റും ഫോസിലുകള്‍ ഈ നിക്ഷേപങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വടക്കേ അമേരിക്ക, ആഫ്രിക്കയുടെ തീരദേശങ്ങള്‍, ആസ്റ്റ്രേലിയ തുടങ്ങിയ ഭാഗങ്ങളിലും നിയോകോമിയന്‍ നിക്ഷേപങ്ങള്‍ കാണപ്പെടുന്നു.

ആപ്ഷ്യന്‍-ആല്‍ബിയന്‍ ഘട്ടങ്ങള്‍. ഈ കാലഘട്ടത്തില്‍ ആര്‍ട്ടിക് പ്രദേശത്തെ കടല്‍ പിന്‍വാങ്ങുകയും പശ്ചിമ യൂറോപ്പിനെ കടല്‍ ആക്രമിക്കുകയും ചെയ്തു. മെഡിറ്ററേനിയന്‍ പ്രദേശത്ത് മാര്‍ബിളും ചുണ്ണാമ്പുകല്ലും നിക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്നു. വടക്കേ അമേരിക്കയുടെ ഗള്‍ഫുതീരത്തെ കടല്‍ ആക്രമിച്ചു. യൂറോപ്പില്‍ ബാള്‍ട്ടിക് ഷീല്‍ഡ് (നോര്‍വെ, സ്വീഡന്‍, ഫിന്‍ലന്‍ഡ്, സോവിയറ്റ് യൂണിയന്റെ വടക്കുകിഴക്ക് ഭാഗം) ഒഴിച്ചുള്ള എല്ലായിടത്തും കടലാക്രമണമുണ്ടായി. പശ്ചിമസൈബീരിയയും സമുദ്രത്തിനടിയിലായി. ഇന്ന് മരുഭൂമിയായി കാണപ്പെടുന്ന ലിബിയ, ഈജിപ്ത്, അറേബ്യ, മധ്യേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആഴം കുറഞ്ഞ കടല്‍ കയറിക്കിടന്നു.

ഉപരിക്രിറ്റേഷസ്. വടക്കേ അമേരിക്കയില്‍ ഉപരിക്രിറ്റേഷസ് കാലത്ത് കടല്‍ ഉള്‍ഭാഗങ്ങളിലേക്ക് കടക്കുകയും, ഗള്‍ഫ് ഒഫ് മെക്സിക്കോയുമായും കനേഡിയന്‍ ആര്‍ട്ടിക് സമുദ്രവുമായും ബന്ധപ്പെട്ടു കിടക്കുകയും ചെയ്തു.

അമേരിക്കയുടെ അത്ലാന്തിക് തീരത്ത് അധോ ക്രിറ്റേഷസില്‍ ഇറങ്ങിയും കയറിയും കിടന്ന കടല്‍, ക്രിറ്റേഷസിന്റെ അവസാനത്തോടെ പരിപൂര്‍ണമായും പിന്‍വാങ്ങി.

ബ്രസീലിന്റെയും അര്‍ജന്റീനയുടെയും അത്ലാന്തിക് തീരങ്ങളില്‍ ആല്‍ബിയന്‍ മുതല്‍ മാസ്ട്രിഷ്യന്‍ വരെയുള്ള കടലോര നിക്ഷേപങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ നൈജീരിയയിലും അങ്ഗോളയിലും ഇതുതന്നെയായിരുന്നു സ്ഥിതി.

ദക്ഷിണാഫ്രിക്കന്‍ തീരങ്ങളിലും, മൊസാംബിക്-മഡഗാസ്കര്‍ തീരങ്ങളിലും, പെനിന്‍സുലാര്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ആസ്റ്റ്രേലിയയുടെ വടക്കു പടിഞ്ഞാറ് പ്രദേശങ്ങളിലും നിന്ന്, തമ്മില്‍ ബന്ധമുള്ളതായ ജന്തുജാലങ്ങളുടെ ഫോസിലുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ സമുദ്രാതിക്രമണം മൂന്നു കാലങ്ങളിലായാണ് നടന്നത്: (i) ദക്ഷിണാഫ്രിക്കയിലും മഡഗാസ്കറിലും പശ്ചിമേന്ത്യയിലെ കച്ചിലും നടന്ന നിയോകോമിയന്‍ അതിക്രമണം, (ii) ആല്‍ബിയന്‍-സീനമാനിയന്‍ അതിക്രമണം, (iii) ആസ്റ്റ്രേലിയയുടെ തെക്കേതീരത്തും അന്റാര്‍ട്ടിക്കയുടെ പലഭാഗത്തും നടന്ന സീനമാനിയന്‍ മുതല്‍ മസ്ട്രിഷ്യന്‍ വരെയുള്ള സമുദ്രാതിക്രമണം.

ക്രിറ്റേഷസിലെ പര്‍വതരൂപവത്കരണവും ആഗ്നേയപ്രവര്‍ത്തനങ്ങളും. ക്രിറ്റേഷസ് ഉള്‍പ്പെടുന്ന മീസസോയിക് മഹാകല്പത്തിലും തുടര്‍ന്ന് സീനസോയിക് മഹാകല്പത്തിലും സെര്‍ക്കം-പസിഫിക് പ്രദേശങ്ങളിലും ആല്‍പൈന്‍ ഭാഗങ്ങളിലും ചില പ്രധാന ഭൂ-ബാഹ്യപടല സംചലനങ്ങളും വിരൂപണങ്ങളും നടന്നിട്ടുണ്ട്. ഈ ചലനങ്ങള്‍ തുടങ്ങിയത് ഭൂ-അഭിനതികളുടെ രൂപവത്കരണത്തിലൂടെയും അവസാദനത്തിലൂടെയും ബസാള്‍ട്ടിക-കാലപ്രവാഹവുമായി ബന്ധപ്പെട്ടുകൊണ്ടുമായിരുന്നു.

വടക്കേ അമേരിക്കയില്‍ നെവേദന്‍ പര്‍വതരചനാ പ്രവര്‍ത്തനങ്ങള്‍ ജൂറാസിക് കല്പത്തിന്റെ അവസാനം മുതല്‍ ക്രിറ്റേഷസിലെ നിയോ-കോമിയന്‍ കാലം വരെ തുടര്‍ന്നിരുന്നു. തെക്കേ അമേരിക്കയിലെ ആന്‍ഡിയന്‍ പര്‍വത രൂപവത്കരണം അതിന്റെ അന്ത്യത്തിലെത്തിയത് ക്രിറ്റേഷസിന്റെ അവസാനത്തോടെയായിരുന്നു. ന്യൂസിലന്‍ഡിലും ജപ്പാനിലും സൈബീരിയയിലും ഇതേകാലത്ത് പര്‍വത രൂപവത്കരണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.

അതേ അവസരത്തില്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ക്രിറ്റേഷസില്‍ രൂപംകൊണ്ട ഭൂ-അഭിനതികള്‍ സീനസോയിക് മഹാകല്പത്തില്‍ പര്‍വതങ്ങളായി മാറി.

കാലിഫോര്‍ണിയയുടെ പസിഫിക് പ്രദേശത്തും, ഹൊക്കൈഡോ, സഹാലിന്‍, കംചത്കാ, ഫിലിപ്പീന്‍സിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും വന്‍തടങ്ങള്‍ അക്കാലത്തുണ്ടായി.

ആല്‍പ്സ്-ഹിമാലയന്‍ പര്‍വതനിരകളുടെ ഉത്ഥാനത്തിന് ഇടയാക്കിയ ഭൂസംചലനങ്ങള്‍ ജൂറാസിക്-ക്രിറ്റേഷസ് കാലഘട്ടങ്ങളില്‍ തുടങ്ങിക്കാണണം. ആല്‍പ്സിന്റെയും ഹിമാലയത്തിന്റെയും പ്രോത്ഥാനം പല ഘട്ടങ്ങളിലായിട്ടാണ് നടന്നിട്ടുള്ളത്. മധ്യ-ക്രിറ്റേഷസിലെ ഒരു പ്രോത്ഥാനഘട്ടത്തിന്റെ തെളിവുകള്‍ യൂറോപ്പിലുള്ള ആല്‍പൈന്‍ സമൂഹത്തില്‍ കാണുന്നുണ്ട്.

പസിഫിക് സമുദ്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ അടിത്തട്ടില്‍, ക്രിറ്റേഷസ് നിക്ഷേപങ്ങളുടെ സ്തരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിറ്റേഷസ് കല്പത്തിലെ ജീവജാലങ്ങള്‍ പ്രോട്ടിസ്റ്റാ വര്‍ഗത്തില്‍പ്പെടുന്ന നാനോപ്ളാങ്ടണുകളും പ്രോട്ടസോവന്‍ വര്‍ഗത്തില്‍പെടുന്ന ഫൊറാമിനിഫറുകളും മറ്റും സൂക്ഷ്മ ജീവികളായ ഡയാറ്റമുകളും റേഡിയോലേറിയനുകളും ഓസ്റ്റ്രാക്കോഡുകളും ക്രിറ്റേഷസ് സ്തരങ്ങളില്‍ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബ്രയോസോവകള്‍, എക്കിനോഡമുകള്‍, ക്രൈനോയിഡുകള്‍, ബ്രാക്കിയോപോഡുകള്‍ തുടങ്ങിയ ജീവികളുടെ ഫോസിലുകളും കണ്ടെത്തിയിട്ടുണ്ട്. ക്രിറ്റേഷസ് യുഗത്തിലെ നട്ടെല്ലില്ലാത്ത സമുദ്രജീവികളില്‍ പ്രധാനപ്പെട്ട വര്‍ഗമായിരുന്നു അമണൈറ്റുകള്‍. ക്രിറ്റേഷസ് അവസാനിച്ചപ്പോഴേക്കും ഈ ജീവികള്‍ക്ക് വംശനാശം സംഭവിച്ചു. കെഫാലോപോഡ് വംശത്തില്‍പ്പെട്ട ബെലമ്നൈറ്റുകളുടെ വംശനാശവും ക്രിറ്റേഷസിന്റെ അവസാനത്തോടെ സംഭവിച്ചു.

ക്രിറ്റേഷസിലെ മത്സ്യവര്‍ഗത്തില്‍ പലതിനും ആധുനിക കാലത്തെ മത്സ്യങ്ങളുമായി സാദൃശ്യമുണ്ട്. ഇക്തിയോസോര്‍ എന്നറിയപ്പെടുന്ന മത്സ്യസദൃശമായ ഉരഗജീവികളും ടീറോസോര്‍ എന്നു പേരുള്ള ചിറകുകളോടുകൂടിയ ഉരഗജന്തുക്കളും ക്രിറ്റേഷസ് യുഗത്തില്‍ ജീവിച്ചിരുന്നവയാണ്.

അക്കാലത്ത് കരയിലുള്ള മൃഗങ്ങളുടെ അധിപന്മാരായിരുന്നു ഭീമാകാരങ്ങളായ ദിനോസോറുകള്‍. ഇവയില്‍ സസ്യഭോജികളും മാംസഭോജികളുമുണ്ടായിരുന്നു. ഇവയുടെ വംശനാശവും ക്രിറ്റേഷസിന്റെ അവസാനഘട്ടത്തോടെ സംഭവിച്ചു.

സസ്യജാലങ്ങളില്‍ പ്രധാനമായി കോണിഫറുകളും ഫേണുകളും സിക്കാഡുകളും മറ്റുമായിരുന്നു ക്രിറ്റേഷസിന്റെ തുടക്കത്തിലുണ്ടായിരുന്നത്. ഇന്നു കാണുന്ന സപുഷ്പിക വൃക്ഷങ്ങള്‍, ധാന്യ-സസ്യ-തൃണവര്‍ഗങ്ങള്‍ എന്നിവയുടെ തുടക്കം ക്രിറ്റേഷസിന്റെ മധ്യത്തോടെയായിരുന്നു.

ക്രിറ്റേഷസ് കാലാവസ്ഥ അക്കാലത്ത് സമുദ്രങ്ങള്‍ വിസ്തൃതി പ്രാപിച്ചതുമൂലം ലോകത്തിലൊട്ടാകെ ഒരു സന്തുലിത കാലാവസ്ഥ നിലനിന്നിരുന്നതായാണ് കരുതപ്പെടുന്നത്. 'ഇവാപ്പൊറൈറ്റ് സംസ്തരങ്ങള്‍' ഈ കാലഘട്ടില്‍ കുറവായതിനാലും ക്രിറ്റേഷസ് പ്രായത്തിലുള്ള ബോക്സൈറ്റ് നിക്ഷേപങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്നതിനാലും താരതമ്യേന കൂടുതല്‍ ഈര്‍പ്പമുള്ള കാലാവസ്ഥയായിരുന്നിരിക്കണം അന്നുണ്ടായിരുന്നത് എന്നു വിശ്വസിക്കാം. കാരണം, ശിലകളുടെ അപക്ഷയംമൂലമുണ്ടാകുന്ന ബോക്സൈറ്റ് നിക്ഷേപങ്ങള്‍ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയിലേ കാണാന്‍ കഴിയൂ. ചില കടല്‍ജീവികളുടെ പുറന്തോടിലെ ഓക്സിജന്‍ ഐസോടോപ്പുകള്‍ വ്യക്തമാക്കുന്നത് അന്നത്തെ സമുദ്രജലം സാമാന്യം ചൂടുള്ളതായിരുന്നു എന്നാണ്.

ക്രിറ്റേഷസിന്റെ അവസാനം ക്രിറ്റേഷസിന്റെ അവസാന ഘട്ടത്തില്‍ ഒരു ബാഹ്യാകാരവസ്തു ഭൂമിയില്‍ വന്നു പതിച്ചതിന്റെ തെളിവുകള്‍ ഇന്നു പല ശാസ്ത്രജ്ഞരും മുമ്പോട്ടു വയ്ക്കുന്നുണ്ട്. ഈ ആഘാതത്തിന്റെ ഫലമായിട്ടാണ് പല ജീവജാലങ്ങളുടെയും, പ്രത്യേകിച്ച് ദിനോസോറുകളുടെ, വംശനാശമുണ്ടായതെന്ന് അവര്‍ വാദിക്കുന്നു. ക്രിറ്റേഷസ് സീനയോസിക് കാലങ്ങള്‍ക്കിടയില്‍ നടന്ന അവസാദനംമൂലമുണ്ടായിട്ടുള്ള സംസ്തരങ്ങളില്‍ പ്ളാറ്റിനം ഗ്രൂപ്പില്‍പ്പെട്ട മൂലകങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇത് അന്നു ഭൂമിയില്‍ വന്നിടിച്ച അസ്റ്ററോയിഡിന്റെയോ, ഉല്‍ക്IIളുടെയോ അവശിഷ്ടങ്ങളില്‍ നിന്ന് ഉദ്ഭവിച്ചതാകണം എന്നാണ് അവരുടെ നിഗമനം. ആഘാതത്തില്‍ നിന്ന് ഉളവായ ധൂമപടലം സൂര്യപ്രകാശത്തെ തടയുകയും അത് ജൈവചക്രത്തെ ബാധിക്കുകയും ജീവികള്‍ അങ്ങനെ നശിക്കാന്‍ ഇടയാവുകയും ചെയ്തു.

ദിനോസോറുകളുടെ അന്തിമവിനാശത്തിനു വഴിതെളിച്ചത് അവ ജീവിച്ചിരുന്ന തടാകങ്ങളില്‍ യുറേനിയത്തിന്റെ അളവ് അസാമാന്യമായി കൂടിയതുകൊണ്ടാണെന്നാണ് ചില റഷ്യന്‍ ഭൂവിജ്ഞാനികളുടെ അഭിപ്രായം. ഏതു ജീവിയിലും അടങ്ങിയിട്ടുള്ള യുറേനിയത്തിന്റെ അംശം അനിവാര്യമായും ഒരു ക്രാന്തികനിലവാരത്തിലെത്തുമെന്ന് അവര്‍ കരുതുന്നു. ഇതിനെത്തുടര്‍ന്ന് ചിലതരം ജീവികള്‍ക്കുവംശനാശം സംഭവിക്കുകയും മ്യൂട്ടേഷനുകളുടെ ഫലമായി പുതിയതരം ജീവികള്‍ ആവിര്‍ഭവിക്കുകയും ചെയ്തിട്ടുണ്ടാകാം. യുറേനിയം വിശേഷിച്ചു കൂടുതലായി കേന്ദ്രീകരിച്ചിരുന്നതും ചൂടുള്ളതുമായ ആഴം കുറഞ്ഞ ജലാശയങ്ങളിലാണ് ദിനോസോറുകള്‍ ജീവിച്ചിരുന്നത്.

ക്രിറ്റേഷസ് കാലഘട്ടം ഇന്ത്യയില്‍. ക്രിറ്റേഷസ് സംസ്തരങ്ങള്‍ ഇന്ത്യയില്‍ വിപുലമായി വ്യാപിച്ചു കിടക്കുന്നു. ദക്ഷിണ-പൂര്‍വതീരപ്രദേശത്തെ ഉപരി ക്രിറ്റേഷസ് പാറകള്‍ ദക്ഷിണേന്ത്യന്‍ സംസ്തരങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. സീനമാനിയന്‍ യുഗത്തിലെ സമുദ്രാതിക്രമങ്ങളുടെ അവശിഷ്ടങ്ങളായ ഇവ ആഫ്രിക്കയുടെയും ഇന്ത്യയുടെയും തീരങ്ങളില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും കാണപ്പെടുന്നു. ഇന്ത്യയുടെ പൂര്‍വതീരങ്ങളില്‍ അപ്പര്‍ ക്രിറ്റേഷന്‍സ് പാറകളുടെ മൂന്നു ചെറിയ ടെര്‍ഷറി-പോസ്റ്റ്-ടെര്‍ഷറി സംസ്തരങ്ങളെയും കണ്ടെത്താം. ഇവയില്‍ കൂടുതല്‍ പഴക്കമുള്ളത് വന്‍കരയുടെ ഉള്‍ഭാഗത്തേക്കു മാറിയും, താരതമ്യേന പ്രായം കുറഞ്ഞവ കടലിനോടടുത്തുമാണ് കാണപ്പെടുന്നത്.

ചെന്നൈക്കു തെക്കായി സ്ഥിതി ചെയ്യുന്ന ദക്ഷിണ-പൂര്‍വ ക്രിറ്റേഷസ് പാറകള്‍, പരസ്പരബന്ധമില്ലാത്ത മൂന്നു തുണ്ടുകളായി സ്ഥിതിചെയ്യുന്നു. സീനമാനിയന്‍ (lower chalk) മുതല്‍ ഡേനിയന്‍ (uppermost cretaceous) വരെ എല്ലാ വിഭാഗങ്ങളെയും ഇവ പ്രതിനിധാനം ചെയ്യുന്നു. ഇവയില്‍ ഏറ്റവും തെക്കേയറ്റത്തുള്ള തിരുച്ചിറപ്പള്ളി നിക്ഷേപങ്ങള്‍ക്ക് 5 മുതല്‍ 800 ച.കി.മീ. വരെ വിസ്തൃതിയുണ്ട്. മറ്റു രണ്ടെണ്ണവും താരതമ്യേന വളരെ ചെറുതാണ്. പ്രാക്തന-അകശേരുകികളുടെ എണ്ണമില്ലാത്ത ജീനസുകളും സ്പീഷീസുകളും ഈ സംസ്തരങ്ങളില്‍ സമഗ്രമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആയിരം സ്പീഷീസിലേറെ ലുപ്തമൊളസ്കുകളെയാണ് ഈ തുണ്ടുകളില്‍ നിന്നു കിട്ടിയിട്ടുള്ളത്. ക്രിറ്റേഷസ് കാലഘട്ടത്തില്‍ കരയുടെയും കടലിന്റെയും വിന്യാസത്തില്‍ അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീഴ്ത്തുന്ന ഫോസിലുകളും ഇക്കൂട്ടത്തില്‍ ഏറെയുണ്ടായിരുന്നു. ഇവയുടെ വിതരണവും, ഇന്ത്യയിലെയും ആഫ്രിക്കയിലെയും ക്രിറ്റേഷസ് ജന്തുജാലവുമായി അവയ്ക്കുള്ള ബന്ധവും വിളിച്ചറിയിക്കുന്നവയായിരുന്നു തമിഴ്നാടുമുതല്‍ മഡഗാസ്കര്‍-നേറ്റാള്‍ വരെയുള്ള ഫോസിലുകള്‍. ഈ കാലഘട്ടത്തിലെ ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രവും, ജീവികളുടെ സമുദ്രാന്തരദേശാടനങ്ങളും വ്യക്തമാക്കാന്‍ ഇവ സഹായകമായി.

പോണ്ടിച്ചേരിക്കടുത്തുള്ള കോറമാന്‍ഡല്‍ തീരം മുതല്‍ കാവേരീതടത്തിന്റെ തെക്കുഭാഗം വരെയുള്ള വിസ്തൃത പ്രദേശം ഏതാണ്ട് മുഴുവനായിത്തന്നെ ഉള്‍പ്പെടുന്നതായിരുന്നു സീനമാനിയന്‍ ട്രാന്‍സ്ഗ്രെഷന്‍. പെന്നാര്‍, വെള്ളാര്‍ എന്നീ നദികളുടെ എക്കല്‍തടങ്ങള്‍മൂലം ഇവിടത്തെ ക്രിറ്റേഷസ് സ്തരങ്ങള്‍ മൂന്നു പ്രത്യേക വിഭാഗങ്ങളായാണ് കാണപ്പെടുന്നത്. തഞ്ചാവൂരിന് കുറച്ച് പടിഞ്ഞാറു മാറി, കാവേരിക്കു തെക്കായി മറ്റൊരു ചെറിയ 'തുണ്ടു' കൂടി കണ്ടെത്തിയിട്ടുണ്ട്.

സ്പിറ്റിയിലെ ഭൂ-അഭിനതിയില്‍ (ടെത്തിസ്) ലാമലി ബ്രാങ്കുകളും, അമണൈറ്റുകളും അടങ്ങിയിരിക്കുന്ന ഗിമാല്‍ മണല്‍ക്കല്ല് അധോക്രിറ്റോഷസിനെ പ്രതിനിധാനം ചെയ്യുന്നു. ഇതേ സ്ഥലത്തുള്ള ഉപരിക്രിറ്റേഷസ് പ്രായത്തിലെ ചിക്കിം സീരീസില്‍ ഫൊറാമിനിഫെറുകളും മറ്റുമാണ് കാണപ്പെടുന്നത്. ചിക്കിം സീരീസിന്റെ മുകളില്‍ ജീവാംശരഹിത മണല്‍ക്കല്ലുകളും ഷെയ്ലുകളും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. കാശ്മീര്‍, അഫ്ഗാനിസ്താന്‍, ഇറാന്‍, കുമയൂണ്‍, ഹസാര, ചിത്രാല്‍, സിന്‍ഡ്, ബലൂചിസ്താന്‍ എന്നിവിടങ്ങളില്‍ ചിക്കിം സീരീസ് കാണുന്നു.

മ്യാന്മറിന്റെ ചിലഭാഗങ്ങളില്‍ ഉപരിക്രിറ്റേഷസ്-പ്രായത്തിലുള്ള ചുവന്ന മണല്‍ക്കല്ലുകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അസമില്‍ ഗാരു-ഖാസി-ജയന്തിയ കുന്നുകളില്‍ ക്രിറ്റേഷസ് കടലോര ശിലകള്‍ അനാവൃതമാണ്. നാഗമല മുതല്‍ നിക്കോബാര്‍ ദ്വീപുകള്‍ വരെ ക്രിറ്റേഷസ്-ഈയസീന്‍ സംസ്തരങ്ങള്‍ വ്യാപിച്ചു കിടക്കുന്നു.

നര്‍മദാതാഴ്വരയില്‍ ഗ്വാളിയര്‍, വധ്വാന്‍, കത്തിയവാഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ബാഘ് സസ്തരങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന നിക്ഷേപങ്ങള്‍ വ്യാപകമായി കാണുന്നു. പെനിന്‍സുലയുടെ മധ്യഭാഗങ്ങളില്‍ ലമെറ്റാ സസ്തരങ്ങള്‍ എന്നപേരിലറിയപ്പെടുന്ന നദീമുഖനിക്ഷേപങ്ങളും തടാകസംബന്ധിത നിക്ഷേപങ്ങളും കാണാം. ലാമെറ്റാ സസ്തരങ്ങളില്‍ ഡയനസോര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കച്ചിലെ ജൂറാസിക് പ്രായത്തിലുള്ള ഉമിയാ സംസ്തരങ്ങള്‍ക്കു മുകളിലായി അധോക്രിറ്റേഷസ് കാലത്തെ കോളുംബിസേറസും കെലോനിസേറസും ഉള്‍പ്പെടുന്ന ഫോസിലുകളുള്ള മണല്‍ക്കല്ലുകള്‍ കാണപ്പെടുന്നു.

പോണ്ടിച്ചേരി-തിരുച്ചിറപ്പള്ളി പ്രദേശങ്ങളില്‍ മധ്യ-ഉപരി ക്രിറ്റേഷസിലുള്ള അമണൈറ്റ് വിഭാഗത്തിലുള്ള ഫോസിലുകള്‍ ഉള്‍പ്പെടുന്ന കടലോരനിക്ഷേപങ്ങളാണുള്ളത്. ക്രിറ്റേഷസിന്റെ തുടക്കത്തില്‍ത്തന്നെ ഇന്ത്യയുടെ കിഴക്കന്‍തീരങ്ങള്‍ രൂപം പ്രാപിച്ചിരുന്നു. എന്നാല്‍ പടിഞ്ഞാറേ തീരത്തിന്റെ തെക്കു മുതല്‍ വടക്ക് നര്‍മദാ താഴ്വര വരെ ക്രിറ്റേഷസിന്റെ അവസാനഘട്ടം വരെയും കരയായിത്തന്നെ കിടന്നു.

ക്രിറ്റേഷസിന്റെ അവസാനഘട്ടത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും വ്യാപകമായ ബസാള്‍ട്ടിക ലാവാ പ്രവാഹമുണ്ടായി. ലാവാസ്ഫോടനങ്ങള്‍ സീനസോയിക്കിലെ ഓലിഗസീന്‍ കല്പത്തിനു ശേഷവും തുടര്‍ന്നതായാണ് പണ്ഡിതമതം. ആയിരക്കണക്കിനു ച.കി.മീ. പ്രദേശത്തെ ബാധിച്ച ഈ ലാവാപ്രവാഹങ്ങള്‍ മുകള്‍ഭാഗം പരന്നും വശങ്ങള്‍ കുത്തനെയുമുള്ള പീഠഭൂമികള്‍ക്കു രൂപംകൊടുത്തു. ഇതാണ് ഡക്കാണ്‍ ട്രാപ്പ് എന്നറിയപ്പെടുന്നത്. സ്വീഡിഷ് ഭാഷയില്‍ ട്രാപ്പ് എന്നു പറഞ്ഞാല്‍ പടി എന്ന് അര്‍ഥമുണ്ട്. ഡക്കാണ്‍ പീഠഭൂമികള്‍ ഉണ്ടാക്കിയ ലാവാസ്ഫോടനങ്ങള്‍ക്കിടയിലെ നിഷ്ക്രിയകാലഘട്ടങ്ങളില്‍ തടാകങ്ങളുണ്ടാകാനുള്ള അവസരങ്ങളുണ്ടായി. ഇവയില്‍ അവസാദങ്ങള്‍ വന്നു നിറഞ്ഞു. അതിനുശേഷം വീണ്ടും അഗ്നിപര്‍വതസ്ഫോടനങ്ങള്‍ ഈ പ്രദേശങ്ങളെ ഗ്രഹിച്ചു. ഇങ്ങനെ അഗ്നിപര്‍വതസ്ഫോടനവും അവസാദനവും മാറിമാറിയുണ്ടായതിന്റെ ഫലമായി അന്തരട്രാപ്പിയന്‍ എന്നു വിളിക്കപ്പെടുന്ന അന്തര സംസ്തരിത അവസാദശിലകള്‍ രൂപംകൊണ്ടു. നോ. ഇന്ത്യ

(സി.പി. രാജേന്ദ്രന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍